ബര്‍ലിന്‍: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം വ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും വന്യജീവികൾ കൂട്ടത്തോടെ ചാവുകയും ചെയ്തു.
ജര്‍മനിയിലെ ബ്രാൻഡൻബുർഗിലെ ക്രെമ്മൻ പ്രദേശത്ത് പക്ഷിപ്പനി ബാധിച്ച ഏകദേശം 5,000 വാത്തകളെ അധികൃതർ കൊന്നൊടുക്കി. ക്രെമ്മൻ ശതാവരി ഫാമിലെ ഓപ്പറേഷൻസ് മാനേജർ മാൾട്ടെ വോയിറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.
തലസ്ഥാനമായ ബർലിന്റെ വടക്കുപടിഞ്ഞാറുള്ള ലിനൂമർ ടീഷെ തടാകങ്ങൾ പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തകർ ദിവസേന നൂറുകണക്കിന് ചത്ത ക്രെയിനുകളെ കണ്ടെത്തുന്നു.
ലിനൂമർ കുളം പ്രദേശത്ത് മാത്രം ഇതിനകം 1,000-ത്തിലധികം ക്രെയിനുകൾ ചത്തതായാണ് കണക്ക്. ടീഷെ തടാകങ്ങളിലെ പതിനായിരക്കണക്കിന് പക്ഷികളുടെ ഫാമുകളിൽ മാരകമായ രോഗം ബാധിച്ചു.
സംരക്ഷണ സ്യൂട്ടുകളും മാസ്കുകളും ധരിച്ചാണ് തൊഴിലാളികൾ ചത്ത പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഈ നഷ്ടം 350,000 യൂറോയായി കണക്കാക്കുന്നു.
രോഗം മറ്റ് സംസ്ഥാനങ്ങളായ സാക്സണി-അൻഹാൾട്ട്, ലോവർ സാക്സണി വഴി സാർലാൻഡ്, റൈൻലാൻഡ്-പാലറ്റിനേറ്റ് വരെ വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.
ക്രെയിനുകളുടെ ദേശാടന പാതകളിലെ കോഴി ഫാമുകളെല്ലാം വലിയ ഭീഷണിയിലാണ്. ബ്രാൻഡൻബുർഗിലും മെക്ലെൻബുർഗ്-വെസ്റ്റേൺ പൊമെറാനിയയിലും സമീപ ദിവസങ്ങളിൽ 1,60,000-ത്തിലധികം മൃഗങ്ങളെ കൊന്നൊടുക്കേണ്ടി വന്നു.